കണ്ണൂർ:ഒളിച്ച്വെക്കലല്ല ജനാധിപത്യം തുറന്ന് പറച്ചിലാവണം ഭരണാധികാരികൾ സ്വീകരിക്കേണ്ടതെന്നും അതിനുള്ള ഒരു നിലപാട് വേണമെന്നും കാലിക്കറ്റ് യുണിവേഴ്സിറ്റി ഗാന്ധിയൻ പഠന ഗവേഷണ ചെയർ വിസിറ്റിങ്ങ് പ്രൊഫസർ ഡോ. ആർസു അഭിപ്രായപ്പെട്ടു.കേരള സർവ്വോദയ മണ്ഡലം കണ്ണൂർ ജില്ലാ കമ്മിറ്റി ഗാന്ധി സെന്റിനറി മെമ്മോറിയൽ സൊസൈറ്റിയുടെ സഹകരണത്തോടെ മഹാത്മ മന്ദിരത്തിൽ നടത്തിയ ഗാന്ധി സ്മൃതി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ജനങ്ങളുടെ മുന്നിൽ നിവർന്ന് നിൽക്കാൻ കഴിയാത്തവർ സത്യമേവ ജയതേ എന്ന നിലയിലേക്ക് ഉയർന്നു വരുമ്പോഴേ ഗാന്ധിജിയോട് നീതി പുലർത്തിയെന്ന് പറയാൻ കഴിയൂ. ആദർശങ്ങളിൽ മായം ചേർക്കുന്നവരെ പൂവിട്ട് പൂജിക്കുന്ന അധമ സംസ്കാരത്തിലേക്ക് കാലം കൂപ്പ് കുത്തിയെന്ന് അദ്ദേഹം ആരോപിച്ചു. മഹാത്മന്ദിരം പ്രസിഡന്റ് ഇ.വി.ജി. നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി സി.സുനിൽകുമാർ സ്വാഗതം പറഞ്ഞു. സർവ്വോദയ മണ്ഡലം ജില്ലാ പ്രസിഡന്റ് ടി.പി.ആർ.നാഥ്, സെക്രട്ടറി രാജൻ തീയറേത്ത്,ദിനു മൊട്ടമ്മൽ ,രമ ജി.നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.
Democracy is not about hiding it's about being open. -Dr. Arsu




















